10:44am 11 November 2026
NEWS
മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് അനിൽകുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ
22/09/2025  03:44 PM IST
nila
മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് അനിൽകുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ

തിരുവന്തപുരം ന​ഗരസഭയിലെ ബിജെപി കൗൺസിലർ അനിൽ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പൊലീസും സിപിഎമ്മും ചേർന്നാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു. അനിലിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. 

'അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേർന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോർപ്പറേഷൻ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകൾ കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം', അദ്ദേഹം പറഞ്ഞു.

സഹകരണ സംഘത്തിൽനിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആൾക്കാരാകും. അവർ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകൾ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്. നമ്മുടെ ആളുകൾ എന്ന് അനിൽ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തിൽനിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും വി മുരളീധരൻ ചോദിച്ചു.

പമ്പയിലെ ആഗോള അയ്യപ്പ സംഗമം പരാജയമാണെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളെ അടക്കം അവഹേളിക്കുന്ന പ്രതികരണമാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വം നടത്തിയത്. ഒഴിഞ്ഞ കസേരകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ആളില്ലെങ്കിൽ ഇരിക്കപ്പൊറുതി ഉണ്ടാകില്ല. അതിനാൽ അവിടെ മാത്രം ആളെ കയറ്റി. മന്ത്രി വി. വാസവനോട് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ ആക്ഷേപിച്ചിരുന്നയാളാണ് യോഗി ആദിത്യനാഥ്. അദ്ദേഹം ബഹുമാന്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ടെന്നും പൊതുവേദിയിൽ വന്ന് യോഗി ആദിത്യനാഥിന്റെ സർട്ടിഫിക്കറ്റ് വായിച്ച് പുളകം കൊള്ളുന്നത് കണ്ടു. വിഴിഞ്ഞത്തുവെച്ച് അദാനി പാർട്ണർ ആണെന്ന് വാസവൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന് യോഗി ആദിത്യനാഥിനോട് ബഹുമാനമുണ്ടെന്ന് പറയുന്നുവെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ വികസനം സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമലയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തത്തിലൂടെ എത്രകോടി രൂപ ലഭിക്കുമെന്ന വസ്തുത നിയമസഭയിൽ എങ്കിലും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ജിഎസ്ടി വിഷയത്തിൽ, 8,000 കോടി രൂപ കേരളത്തിന് നഷ്ടമെന്ന് ഇന്നലെ പറഞ്ഞ ധനമന്ത്രി ഇന്ന് 10,000 കോടി എന്ന് പറയുന്നു. കോടികൾക്ക് വിലയില്ലേ. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണ് ഇതെന്ന് മന്ത്രി പറയണം. മലയാളികളുടെ ജീവിതച്ചെലവ് കുറയുന്നതിന് മന്ത്രിക്ക് എതിർപ്പുണ്ടോ എന്ന് പറയണമെന്നും മുരളീധരൻ പരിഹസിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ പ്രവർത്തകയോടുള്ള പ്രതികരണത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. സഹപ്രവർത്തകന്റെ മരണത്തിന്റെ ഞെട്ടലിൽ നിൽക്കുന്ന സംസ്ഥാന അധ്യക്ഷനോട് പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചു. മാധ്യമങ്ങൾ പുറത്തുവിട്ട കുറിപ്പിന്റെ ഒരു ഭാഗം തനിക്കും കിട്ടി. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ ആരോപണവുമായി ഉന്നയിക്കുമ്പോൾ എല്ലാവരും ഒരേപോലെ ആയിരിക്കില്ല പ്രതികരിക്കുക. അദ്ദേഹം ആ സമയത്ത് വൈകാരികമായി പ്രതികരിച്ചതാണെന്നും മുരളീധരൻ പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി പറയുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ പറ്റില്ല. അദ്ദേഹം ഇടയ്ക്കിടക്ക് മാറ്റിപ്പറയും. നിയമസഭയിലെ നാടകങ്ങളൊക്കെ കണ്ടതാണെന്നും മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img